16-September-2023 -
By. Business Desk
കൊച്ചി: പ്രളയത്തിനും കൊവിഡിനും ശേഷം കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുതിയ ദിശാബോധവുമായി തുഷാര്‍ മെഗാ ടൂറിസം മേള .കേരളത്തിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ പ്രൊഫഷണല്‍ സംഘടനയായ കേരളൈറ്റ്സ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കണ്‍സോര്‍ഷ്യം (കെ ടി ടി സി) കൊച്ചിയില്‍ സംഘടിപ്പിച്ച മെഗാ ടൂറിസം ബി ടു ബി മേളയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനികള്‍ മുതല്‍ ഹോം സ്റ്റേ വരെയുള്ള ടൂറിസം സംരംഭകര്‍ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 746 ട്രാവല്‍ ഏജന്റുമാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആയിരത്തിലേറെ ട്രാവല്‍ ഏജന്റുമാരാണ് ഇത്തവണ മേളയ്ക്കെത്തിയത്. നൂറോളം സ്റ്റാളുകളുംമേളയ്ക്കെത്തിയിരുന്നു.
കേരളത്തിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ നാടുകളില്‍ നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാന്‍ കഴിയണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെട്ടു.മറ്റു രാജ്യങ്ങളിലെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് വരികയും നമ്മുടെ വിദ്യാഭ്യാസ നിലവാരം അതിനൊത്ത് ഉയരുകയും ചെയ്താല്‍ ഉന്നതവിദ്യാഭ്യാസ രംഗത്തും ടൂറിസം രംഗത്തും കേരളത്തിന് നേട്ടം കൈവരിക്കാന്‍ കഴിയും. വിദേശ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ തയ്യാറാവുകയും അക്കാദമിക് നിലവാരം ഉയര്‍ത്തുകയും ചെയ്താല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ കേരളത്തിലെത്തുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര ചൂണ്ടിക്കാട്ടി.
കേരളം പലവിധ മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും ആ മാറ്റങ്ങള്‍ ഗുണപരമായോ എന്ന് സംശയമുണ്ട്. പുതിയ തലമുറയെ ആവേശം കൊള്ളിക്കുന്ന രീതിയില്‍ ഭരണാധികാരികളുടെ കാഴ്ചപ്പാടും മാറണം. ഇക്കാര്യത്തില്‍ വിദേശ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ മാതൃകയാക്കണഎംമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ക്രിയാത്മക സമീപനം വേണമെന്ന് ടൂറിസം മേളയില്‍ പങ്കെടുക്കാനെത്തിയ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. പ്രമുഖ യു ട്യൂബര്‍ ഹാരീസ് അമീറലി സംസാരിച്ചു. കെ ടി ടി സി പ്രസിഡന്റ് മനോജ് എം വിജയന് മേളയ്ക്ക് തിരി തെളിച്ചു. സെക്രട്ടറി സ്നോജ് മച്ചിങ്ങല്‍, ട്രഷറര്‍ ഡെന്നി ജോസ്, ജോ.സെക്രട്ടറി കെ.ആര് ആനന്ദ്, ഷാജി കല്ലായി എന്നിവര്‍ സംസാരിച്ചു.
യൂറോപ്യന്‍ രാജ്യങ്ങള്‍, പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, തായ്ലന്ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ വാണിജ്യ കൂടിക്കാഴ്ച്ചകള്‍ നടന്നത്. സൂംബി, ല്യൂക്കാസ്, ടിക്കറ്റ് ഡോട്ട് കോം തുടങ്ങിയ മുന്‍നിര ഡിഎംസികളും മേളക്കെത്തിയിരുന്നു.ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ടൂര്‍ കമ്പനികള്‍, ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവര്‍ വാണിജ്യ കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു. ആയുര്‍വേദ ടൂറിസം, ഫാം ടൂറിസം, ഹോം സ്റ്റേ എന്നിവരുടെ സ്റ്റാളുകള്‍, സെമിനാറുകള്‍ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. കേരളത്തിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനും വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടുത്തുന്നതിനും പുതിയ ട്രെന്‍ഡുകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനും പ്രത്യേക സെഷനുകള്‍ ഒരുക്കിയിരുന്നു.